ന്യൂഡൽഹി : പഞ്ചാബിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു കുടുംബമാണ് കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഠാൻകോട്ടിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റി കോൺഗ്രസിന് യാത്രയയപ്പ് നൽകണം. എവിടെയെല്ലാം ബിജെപി അധികാരത്തിലേറിയോ അവിടെ നിന്നെല്ലാം റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പാർട്ടി തുടച്ചുമാറ്റപ്പെട്ടു. സമാധാനം ഉള്ളയിടങ്ങളിൽ നിന്നെല്ലാം പ്രീണനവും , സ്വജനപക്ഷവാദവും ഇല്ലാതായിട്ടുണ്ട്. സമാനമായ രീതിയിൽ പഞ്ചാബിലും കോൺഗ്രസിന് ജനങ്ങൾ യാത്രയയ്പ്പ് നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഭജനത്തിന്റെ സമയത്ത് കർദാപൂർ ഇടനാഴി ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ പഞ്ചാബിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടിയെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ ഫോട്ടോ കോപ്പിയാണ് ആംആദ്മി. കോൺഗ്രസ് യഥാർത്ഥമാണെങ്കിൽ, ആംആദ്മി ഫോട്ടോകോപ്പിയാണ്. ഒരാൾ പഞ്ചാബിനെ കൊള്ളയടിച്ചപ്പോൾ മറ്റേയാൾ ഡൽഹിയിൽ അഴിമതികൾ തുടരുകയാണ്. പരസ്പരം എതിരാളികളാണെന്ന് കാണിക്കാൻ പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും ചേർന്ന് പരസ്പര ധാരണ പ്രകാരം ഏറ്റുമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിലെ ജനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ബിജെപി കൽപ്പിക്കുന്നത്. പഞ്ചാബിൽ നിന്നും യഥാർത്ഥ രാഷ്‌ട്രീയത്തെ ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉണ്ടായിരുന്നപ്പോൾ പാർട്ടിയെ ശരിയായ പാതയിലേക്ക് നയിച്ചിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം പാർട്ടിയിൽ ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
















Comments