ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാജ്‌വാദി സർക്കാരിന്റെ കാലത്ത് അവർ സാധാരണ പിസ്റ്റളുകളാണ് നിർമ്മിച്ചിരുന്നത്. എന്നാൽ ഭരണം മാറി, യുപിയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ പിസ്റ്റളിന് പകരം ബ്രഹ്മോസ് മിസൈലുകളാണ് നിർമ്മിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കാൺപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
400-600 കിലോമീറ്റർ അകലെ നിന്ന് ശത്രുവിനെ ഭസ്മമാക്കാവുന്ന മിസൈലാണ് ലക്‌നൗവിൽ നിർമ്മിക്കാൻ പോകുന്നത്. ഇതിലൂടെ ഉത്തർപ്രദേശിലെ 5000 ത്തോളം ജനങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സാധാരണക്കാരന്റെ വിശപ്പിനും ഭയത്തിനും പരിഹാരം നൽകാൻ കഴിയുന്നവനായിരിക്കണം സോഷ്യലിസ്റ്റുകൾ. രാഷ്‌ട്രീയത്തിൽ അത്തരം ജോലി ചെയ്യാൻ ഒരാൾക്ക് മാത്രമെ സാധിക്കുകയുള്ളൂ. അത് നമ്മുടെ പ്രധാനമന്ത്രിയ്‌ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഒരിക്കലും ജനങ്ങളുടെ വിശ്വാസം തകർക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിയും അനുയായികളും സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അവരാണ് നമ്മുടെ രാജ്യത്തെ ധീരജവാന്മാർക്ക് നേരെ വിരൽ ചൂണ്ടുന്നത്. ഇതിന് രാഹുലിനും അനുയായികൾക്കും ഒരു അധികാരവുമില്ല. ജനാധിപത്യപരമായി ഇതിന് എങ്ങനെ മറുപടി നൽകണമെന്ന് ജനങ്ങൾക്ക് അറിയാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments