ജീവിതത്തിൽ ആഗ്രഹങ്ങളില്ലാത്തവരായി ആരുമില്ല. ആഗ്രഹങ്ങൾ സാദ്ധ്യമാക്കാനാണ് പലരും ജീവിക്കുന്നത് പോലും… ജീവിതത്തിലെ ഒരു ആഗ്രഹം സഫലമാക്കാൻ ശ്രമിച്ച 45കാരൻ പോലീസിന്റെ പിടിയിലായിരിക്കുകയാണിപ്പോൾ. കർണ്ണാടകയിലെ നാഗപ്പ വൈ ഹഡപ്പാഡ് എന്നയാളാണ് സ്വപ്‌നം സാദ്ധ്യമാക്കിയതിന്റെ പേരിൽ പോലീസ് പിടിയിലായത്. ഒരു പോലീസ് ജീപ്പ് ഓടിക്കുക എന്നതായിരുന്നു നാഗപ്പയുടെ ജീവിതാഭിലാഷം.
അവസരം വന്നപ്പോൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മോഷ്ടിച്ച് 112 കിലോമീറ്റർ ദൂരത്തോളം ഓടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കാർ ടോഖാണ് ഈ വർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനപ്രേമിയായ ഇയാൾ വാഹനം ഓടിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന ആളാണ്. എല്ലാ വാഹനവും ഓടിക്കുക എന്നതാണ് ഇയാളുടെ ആഗ്രഹം.
അന്നിഗിരി പോലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പാണ് ഇയാൾ മോഷ്ടിച്ചത്. ജീപ്പിൽ താക്കോലും ഉണ്ടായിരുന്നു. ഇതോടെ പുലർച്ചെ മൂന്ന് മണിയോടെ സ്‌റ്റേഷനിലെത്തി ജീപ്പെടുത്ത് കറങ്ങാൻ തുങ്ങി. അന്നിഗേരി ടൗണിൽ നിന്ന് 112 കിലോമീറ്റർ അകലെ ബായാദ്ഗിയ്‌ക്ക് സമപമുള്ള മോട്ടെബെന്നൂരിലേക്കാണ് ഇയാൾ പോയത്.
കുറേ നേരം വാഹനം ഓടിച്ച് ക്ഷീണിച്ച് നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ പ്രദേശവാസികൾക്ക് സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇയാൾക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379 പ്രകാരം നാഗപ്പയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആഗ്രഹം സഫലമാക്കാൻ വേണ്ടിയാണ് പോലീസ് ജീപ്പ് ഇയാൾ മോഷ്ടിച്ചതെന്നും പോലീസ് വ്യക്തമാക്കി.
















Comments