തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് പുതിയ ജോലി. എച്ച്ആർഡിഎസ് ഇന്ത്യ എന്ന എൻജിഒയിലാണ് ജോലി ലഭിച്ചിരിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി മാനേജർ പദവിയിലാണ് നിഗമനം. പാലക്കാട് ആസ്ഥാനമായ എൻജിഒ ആണ് എച്ച്ആർഡിഎസ്. ഈ മാസം 12ന് ജോയിൻ ചെയ്യാനായിരുന്നു നിർദ്ദേശം. തിരക്കായതിനാൽ ജോലിയിൽ പിന്നീട് പ്രവേശിക്കുമെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു.
43,000 രൂപ പ്രതിമാസ വേതനത്തിലാണ് സ്വപ്‌ന സുരേഷ് ജോലിയിൽ പ്രവേശിക്കുന്നത്. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറിയിരുന്നു. കൊച്ചി എൻഐഎ കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാനാകില്ലെന്നാണ് അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്.
കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയുള്ള വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ജയിലിൽ നിന്നുള്ള സർക്കാരിനനുകൂലമായുള്ള ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇഡി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
കേസിൽ പെട്ടതോടെ താൻ സാമ്പത്തികമായി മോശം നിലയിലാണെന്നും തന്നെ സഹായിക്കാൻ ആരുമില്ലെന്നും അടുത്തിടെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന പറഞ്ഞിരുന്നു.
Comments