ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്. ജനക്ഷേമവും, സ്ത്രീകളുടെ ഉന്നമനവും എല്ലാം ലക്ഷ്യം വെയ്‌ക്കുന്ന പ്രകടനപത്രികയിൽ വികസനപദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും പെരുമഴയാണ് പാർട്ടി വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യമേഖലയ്‌ക്കുൾപ്പെടെ പുത്തൻ ഉണർവേകുന്നതാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ…
- മണിപ്പൂരിൽ എയിംസ് സ്ഥാപിക്കും. പ്രധാനമന്ത്രി ജൻ ഔഷധ് യോജനയുടെ ഭാഗമായി ഏവർക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തും. സിഎംഎച്ടി, ആയുഷ്മാൻ ഭാരത് എന്നിവയുടെ സേവനം നൂറ് ശതമാനം ഉറപ്പ് വരുത്തും.
- മൃഗങ്ങൾക്കായി എല്ലാ ജില്ലകളിലും ആധുനിക സംവിധാനങ്ങളോട് കൂടിയ വെറ്റിനറി മെഡിക്കൽ ക്ലിനിക്കുകൾ ആരംഭിക്കും. കൂടാതെ ഒരു വെറ്റിനറി മെഡിക്കൽ കോളേജും സംസ്ഥാനത്ത് സ്ഥാപിക്കും.
- ടൂറിസം മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികൾ. ലോക്തക് മെഗാ-ടൂറിസം പദ്ധതി നടപ്പിലാക്കും. ഫോ-ഫോ ട്രെയിൻ സർവീസ് ആരംഭിക്കും(താഴ്വാരങ്ങളിലൂടെയുള്ള റെയിൽ ഗതാഗതം). ഹോംസ്‌റ്റേ നടത്തുന്നവർക്ക് കൂടുതൽ ഇളവുകൾ.
- പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിർത്തലാക്കും. കാട്ടുതീ തടയുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കും. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറിയുള്ള മരം മുറിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
- നൈപുണ്യവികസനം പ്രധാന ലക്ഷ്യം. ഇതിനായി മണിപ്പൂർ നൈപുണ്യ വികസന സർവ്വകലാശാല സ്ഥാപിക്കും. ഭൂരഹിതരായ കർഷകരുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേയും ബിരുദ, ബിരുദാനന്തര-ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്‌കോളർഷിപ്പുകൾ നൽകും.
- പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ മുൻഗണന. കോളേജ് പഠനത്തിന് പ്രവേശനം നേടിയ മിടുമിടുക്കരായ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സ്‌കൂട്ടറുകൾ നൽകും. പ്ലസ് ടു പാസായ എല്ലാ മിടുക്കികൾക്കും സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് പഠന ആവശ്യങ്ങൾക്കായി റാണി ഗൈഡിൻലിയു നുപി മഹെയ്‌റോയ് സിംഗി പദ്ധതി വഴി 25,000 രൂപ നൽകും.
- സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രചോദനം. സംരംഭകർക്കായി 100 കോടി രൂപ സ്റ്റാർട്ടപ്പ് മണിപ്പൂർ ഫണ്ടിലേയ്‌ക്ക് നിക്ഷേപിക്കും. ഇതിലൂടെ 25 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ സംരംഭകർക്ക് ലഭ്യമാകും. സംസ്ഥാനത്തിന്റെ പ്രതി ശീർഷ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ രണ്ടിരട്ടിയായി വർദ്ധിപ്പിക്കും.
- സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമം. മുതിർന്ന പൗരന്മാരുടെ പെൻഷൻ 200 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തും.
















Comments