തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗവര്‍ണര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു സതീശന്റെ വിമര്‍ശനം. ജി.എ.ഡി സെക്രട്ടറിയെ ബലി കൊടുത്ത് ഗവര്‍ണറെ രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സര്‍ക്കാര്‍ ഗവര്‍ണ്ണറുടെ അനാവശ്യ സമ്മര്‍ദ്ധത്തിന് വഴങ്ങി. നയപ്രഖ്യാപന പ്രസംഗം നടത്തില്ല എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞത് ഭരണഘടന വിരുദ്ധമാണ്. ഗവര്‍ണറോട് നയപ്രഖ്യാപനം നടത്തണമെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടായില്ല. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ല.
താന്‍ എല്ലാവരുടെയും ഉപദേശം കേള്‍ക്കും. പക്ഷേ ഗവര്‍ണറുടെത് കേള്‍ക്കില്ല. ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് കേള്‍ക്കേണ്ട ആവശ്യമില്ല. ജീവശ്വാസം നടക്കുന്നത് വരെ ഞാന്‍ കോണ്‍ഗ്രസ് ആയിരിക്കും. ഗവര്‍ണര്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല പ്രതിപക്ഷ നേതാവിന്റേത്.ഗ വര്ണര്ക്ക് ഒരു പാര്‍ട്ടിയോടും കൂറില്ല. അഞ്ച് പാര്‍ട്ടികളില്‍ ഭിക്ഷാംദേഹിയെ പോലെ അലഞ്ഞ ആളാണ് ഗവര്‍ണര്‍. ഭരണഘടന ലംഘനം ഉണ്ടായാല്‍ താന്‍ ഇനിയും സംസാരിക്കും.
ഗവര്‍ണര്‍ സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവിനെ പോലെയാണ് സംസാരിക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് ജോലി ഇല്ലാതാവും. കേന്ദ്ര ബി.ജെ.പി നേതാക്കളുടെയും കേരളത്തിലെ സി.പി.എം നേതാക്കളുടെയും ഇടനിലക്കാരനാണ് ഗവര്‍ണര്‍. ഗവര്‍ണറെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും സതീശന് പറഞ്ഞു.
Comments