കോഴിക്കോട്: സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വ്യാപകമായ നിലയിൽ ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും ബന്ധുക്കളെയും പാർട്ടിക്കാരെയും മന്ത്രിമാരുടെയും ഉത്തരവാദിത്വപ്പെട്ട മറ്റ് സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും പേഴ്‌സണൽ സ്റ്റാഫുകളാക്കി എടുത്തിട്ട് രണ്ട് വർഷം കഴിയുമ്പോൾ മാറ്റുകയാണ്. നിരവധി പാർട്ടി ബന്ധുക്കൾക്ക് ആജീവനാന്ത പെൻഷൻ സർക്കാർ ഖജനാവിൽ നിന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
തെറ്റ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നതിന്റെ തെളിവാണ് ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യമനുസരിച്ചാണ് ജ്യോതിലാലിനെക്കൊണ്ട് ഗവർണർക്കെതിരെ പരസ്യമായ നിലപാട് സ്വീകരിപ്പിച്ചത്. പിണറായിയുടെ പ്രതികാര നടപടിയായിരുന്നു അത്. അവസാനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ഗവർണറെ ആക്ഷേപിക്കുക എന്നത് പതിവ് കലാപരിപാടിയാക്കി സിപിഎമ്മും പ്രതിപക്ഷവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാനാവശ്യമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടുമായിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. സർവ്വകലാശാലകളെ മുഴുവൻ സിപിഎമ്മിന്റെ പാർട്ടി താൽപര്യങ്ങൾക്കായി മാറ്റിയപ്പോഴാണ് ഗവർണർ ശക്തമായ നിലപാട് സ്വീകരിച്ചത്.
ചാൻസലർ എന്ന നിലയിലും ഗവർണർ എന്ന നിലയിലും അദ്ദേഹം അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുന്നു. അതിൽ എന്തിനാണ് പ്രതിപക്ഷം അസ്വസ്ഥമാകുന്നതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഭരണകക്ഷിയുടെ തെറ്റായ കാര്യങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇവിടെ ഗവർണറെ ആക്ഷേപിക്കുകയാണ് മുഖ്യപ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ പൊളളത്തരങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പകരം ഗവർണർക്കെതിരെ ബാനർ പിടിച്ചു നിയമസഭയിൽ കുത്തിയിരിക്കുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിൽ. ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ട്രഷറി ബെഞ്ച് പോലും കൈയ്യടിക്കാതിരുന്നത് പൊളളയായ കാര്യങ്ങളാണ് ഗവർണറെക്കൊണ്ട് പറയിപ്പിച്ചതെന്നതിന് തെളിവാണ്. അത് കേരളത്തിലെ
ജനങ്ങൾക്കും ബോധ്യമുണ്ടെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
















Comments