തിരുവനന്തപുരം : കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകൾ നടത്തുന്ന സമരം ഒത്തു തീർപ്പിലേക്ക്. യൂണിയനുകളുമായി നടത്തിയ സമരം വിജയകരമായതായി വൈദ്യുതി മന്ത്രി കെ . കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്ഇബി ചെയർമാൻ അശോക് കുമാറുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുത ബോർഡിൽ ഗുരുതരക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ചെയർമാൻ ആണ് രംഗത്തുവന്നത്. ഇക്കാര്യം അന്വേഷിക്കും. ഇതിനായി പവർസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കും. കെഎസ്ഇബി ചെയർമാനെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കും. ചെയർമാന്റെ പ്രവർത്തനങ്ങളിൽ ഇതുവരെ വീഴ്ചയുള്ളതായി അറിയില്ല. അങ്ങിനെയുണ്ടായിട്ടുണ്ടെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കും. തർക്കം പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ചെയർമാനും, ഉദ്യോഗസ്ഥരുമെല്ലാം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. ചെയർമാന്റെ ആരോപണം വേദനയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കുറഞ്ഞ ചിലവിൽ വൈദ്യുതി നിർമ്മിച്ച് വിതരണം ചെയ്യാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഒരു ഹൈഡ്രൽ പ്രൊജക്ടെങ്കിലും സംസ്ഥാനത്ത് പൂർത്തിയായിരുന്നെങ്കിൽ ഇത് സാദ്ധ്യമാക്കാമായിരുന്നു. കരിങ്കൽ കുത്ത് ഹൈഡ്രോ പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ വൈദ്യുതി നിരക്ക് കുറയുമെന്നും അദ്ദേഹം പ്രതികരിച്ചു.
















Comments