കോഴിക്കോട്: സ്വപ്‌ന സുരേഷിന് ജോലി നൽകിയ എൻജിഒ സ്ഥാപനം എച്ച്ആർഡിഎസുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായി വിജയനാണ്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണിയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്നലെ ഫേസ്ബുക്ക് വഴി ഇതിന്റെ ചിത്രങ്ങൾ അടക്കമുളള തെളിവുകളും കെ. സുരേന്ദ്രൻ പുറത്തുവിട്ടിരുന്നു.
സിപിഎമ്മുമായി ഉന്നത ബന്ധമുളള പഴയ എസ്എഫ്‌ഐ നേതാവാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. അതെങ്ങനെയാണ് ബിജെപിയുമായി കൂട്ടിക്കുഴയ്‌ക്കാൻ ശ്രമിക്കുന്നതെന്നും അത് ബിജെപിയുടെ തലയിൽ കെട്ടിവെയ്‌ക്കാൻ ശ്രമിക്കണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു ജീവനക്കാരൻ ഏത് പാർട്ടിക്കാരനാണെന്ന് അന്വേഷിക്കേണ്ട കാര്യം ബിജെപിക്കില്ല. ആ സ്ഥാപനം ഇപ്പോൾ പിണറായി വിജയന്റെയും സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെയും വലം കൈയ്യായിട്ടുളള ഒരാൾ നടത്തുന്നതാണ്.
കിഴക്കമ്പലം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞാൽ ലോകത്ത് ആരും വിശ്വസിക്കില്ല. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനും സിപിഎം- ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂർണമായും തകർന്നു. ആഭ്യന്തരം വൻപരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
Comments