ന്യൂഡൽഹി: പാർട്ടി പ്രവർത്തകരോട് ഐക്യത്തോടെ നിൽക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിംഗ്. ഒന്നിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടി മത്സരിക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മദ്ധ്യപ്രദേശിലെ രത്ലം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ കാണാനെത്തിയപ്പോഴായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രാദേശിക പാർട്ടി പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങളാരും തന്നെ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാൻ തയ്യാറല്ല. ഒരാൾ ഇവിടെയും മറ്റൊരാൾ അവിടെയും നിൽക്കുന്നു. മൂന്നാമത്തെയാൾ മറ്റെവിടെയോ ആണ്. ഈ രീതിയിലാണെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്നും ദിഗ്‌വിജയ് സിംഗ് പ്രവർത്തകരോട് പറഞ്ഞു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയാണ് ദിഗ്‌വിജയ് സിംഗ്. 2023 അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
2018ൽ നടന്ന മുൻ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടി 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടതിനെ തുടർന്ന് മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിന് തുടരനായില്ല. 15 മാസം മാത്രമായിരുന്നു മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ കാലാവധി.
Comments