ലക്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രചാരണം ശക്തമാക്കി എതിർ സ്ഥാനാർഥിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എസ്പി സിംഗ് ബാഗേൽ. ഉത്തർപ്രദേശിലെ കർഹാൽ അസംബ്ലി സീറ്റിൽ 20ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അഖിലേഷ് ഭയപ്പെടുന്നു. തന്റെ പിതാവ് മുലായം സിംഗ് യാദവിനെ പ്രചാരണത്തിന് കൊണ്ടുവന്നതിനെയും കേന്ദ്രമന്ത്രി എസ്പി അധ്യക്ഷനെ രൂക്ഷമായി വിമർശിച്ചു
മുലായം സിംഗ് യാദവ് ഇവിടെ തനിയെ വന്നതല്ല, പ്രചാരണത്തിന് നിർബന്ധിതനാവുകയായിരുന്നു. ‘മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റനാണ് അഖിലേഷ്. അദ്ദേഹം മുൻ ക്യാപ്റ്റന്റെ സഹായം തേടുന്നു. അഖിലേഷ് തന്നെയാണ് കർഹാൽ സീറ്റ് തിരഞ്ഞെടുത്തത്. അത് അദ്ദേഹത്തിന് വിനയാകുന്നു. മുഴുവൻ യാദവ കുടുംബവും പ്രചാരണത്തിന് വന്നത് എന്തുകൊണ്ടാണെന്ന് അഖിലേഷ് വിശദീകരിക്കണം. മുലായം സിംഗ് ഒരിക്കലും അഖിലേഷിന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചില്ല. എനിക്കെതിരെ സംസാരിക്കാമായിരുന്നു, പക്ഷേ അത് ചെയ്തില്ല. അദ്ദേഹത്തിന് സ്വന്തം ശിഷ്യനായ തന്നെ ആക്രമിക്കാമായിരുന്നു, എന്നാൽ മുലായം ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും ബാഗേൽ കൂട്ടിച്ചേർത്തു. വാർത്താ ഏജൻസി എഎൻഐയോട് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുലായം സിംഗ് യാദവ് തന്റെ മകൻ അഖിലേഷ് യാദവിന് വേണ്ടി കാർഹാലിൽ വോട്ട് തേടിയിരുന്നു. തന്റെ പാർട്ടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ വിഷയങ്ങളിൽ തന്റെ പാർട്ടിയുടെ നയങ്ങൾ വളരെ വ്യക്തമാണെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. ഫെബ്രുവരി 10 ന് നടന്ന ആദ്യ ഘട്ടത്തിൽ 62.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഫെബ്രുവരി 14 ന് നടന്ന രണ്ടാം ഘട്ടത്തിൽ 61ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബാക്കി ഘട്ടങ്ങൾ ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ നടക്കും. വോട്ടുകൾ മാർച്ച് 10 ന് എണ്ണും.
Comments