ദുബായ്: ലോക എക്‌സ്‌പോ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബ്രസീലിൽ പവലിയൻ. ജൈവവൈവിധ്യങ്ങളുടെ മികച്ച ആവിഷ്‌കാരമാണ് ബ്രസീൽ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. പവലിയനിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ആയിരക്കണക്കിനു സന്ദർശകരാണ് ആകർഷിക്കപ്പെടുന്നത്.
ബ്രസീലിന്റെ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളും, പ്രകൃതിയോടുള്ള അഭേദ്യമായ പ്രതിബദ്ധതയും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്‌ക്കാനുള്ള കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്ന പവലിയന്റെ പ്രധാന ആശയം ജൈവവൈവിധ്യമാണ്. കൂടാതെ ഭക്ഷണം, യാത്രാ, ടൂറിസം തുടങ്ങിയ ഇനങ്ങളിൽ നിക്ഷേപത്തിലും വ്യാപാരത്തിലും ബ്രസീൽ മുന്തിയ അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പവലിയനോട് അനുബന്ധിച്ച് നിർമ്മിച്ച സാംസ്‌കാരിക വേദിയിൽ ഇതിനോടകം തനത് ബ്രസീലിയൻ നൃത്തനൃത്യങ്ങളും ഫാഷൻ ഷോയും സംഗീത നിശയും ഉൾപ്പടെ അനേകം പരിപാടികൾ അരങ്ങേറിയിട്ടുണ്ട്.
മനുഷ്യ നിർമിതമായ ഏഴ് ലോകാത്ഭുതങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും പുതിയ പട്ടിക ദുബായ് എക്സ്പോ 2020ൽ തയാറാവുമ്പോൾ ബ്രസീലിൽ നിന്ന് മൂന്നു സ്ഥലങ്ങൾ ഇടം പിടിച്ചു. ലോകപ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം, ആമസോൺ കാടുകൾ, 1931-ൽ റിയോ ഡി ജനീറോയിൽ നിർമിക്കപ്പെട്ട ‘ദ് ക്രൈസ്റ്റ് ദ് റെഡീമർ’ പ്രതിമ എന്നിവയാണ് ഏഴ് ലോകാദ്ഭുതങ്ങളിലെ മൂന്നെണ്ണം.
എക്സ്പോ 2020 ഒക്ടോബറിൽ ആരംഭിച്ച ശേഷം ബ്രസീൽ പവലിയൻ സന്ദർശിച്ചവർ പതിനൊന്ന് ലക്ഷത്തോളമാണ്.
വ്യാപാര സന്ദർശകർക്ക് ബിസിനസ്, നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കാനും സാധാരണ സന്ദർശകർക്ക് വിനോദ സഞ്ചാര ആകർഷങ്ങൾക്കും സുപ്രധാന അവസരങ്ങളാണ് ബ്രസീൽ പവലിയൻ മുന്നോട്ടു വെക്കുന്നത്.














Comments