ന്യൂഡൽഹി: അഹമ്മദാബാദ് സ്ഫോടന കേസിൽ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ സമാജ്വാദി പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് സ്ഫോടനക്കേസിലെ ഭീകരർക്ക് കോടതി പരമാവധി ശിക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനുള്ളത് ഭീകരരെ വെറുതെ വിട്ട ചരിത്രമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഹർദോയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ വിവിധ ഭീകരാക്രമണക്കേസിലെ പ്രതികളായവർക്കെതിരായ കേസ് സമാജ്വാദി പാർട്ടി പിൻവലിക്കുകയായിരുന്നു. ഭീകരർ വിവിധ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തിയപ്പോൾ അവർക്കെതിരായ വിചാരണ തടയാനാണ് സമാജ്വാദി പാർട്ടിക്കാർ ശ്രമിച്ചത്. 2007ൽ ലഖ്നൗവിലും അയോദ്ധ്യയിലും കോടതി വളപ്പുകളിൽ സ്ഫോടനങ്ങൾ നടന്നു. ഈ ആക്രമണങ്ങൾ നടത്തിയവരെ എല്ലാം സമാജ്വാദി പാർട്ടി പിന്തുണയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2012ൽ താരിഖ് കാസ്മി എന്ന ഭീകരനെതിരായ കേസ് എസ്പി സർക്കാർ പിൻവലിച്ചു. എന്നാൽ എസ്പി സർക്കാരിന്റെ ഗൂഢാലോചന കോടതി പരാജയപ്പെടുത്തുകയും ഭീകരനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒസാമ ബിൻ ലാദനെപ്പോലുള്ള തീവ്രവാദികളെ എസ്പിയും കോൺഗ്രസ് നേതാക്കളും ‘ജി’ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബട്ല ഹൗസ് ഏറ്റുമുട്ടലിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്തതിൽ സമാജ്വാദി പാർട്ടി നേതാക്കൾ കരയുക പോലും ചെയ്തു. 2008ലെ സ്ഫോടന പരമ്പര കേസിൽ 38 പ്രതികൾക്ക് അഹമ്മദാബാദ് കോടതി വധശിക്ഷ വിധിച്ചതു മുതൽ ബിജെപിയും എസ്പിയും തമ്മിൽ കടുത്ത വാക്പോരിലാണ്. ഗുണ്ടകളെ സംരക്ഷിക്കുന്ന സർക്കാരായിരുന്നു സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നത്. ആ കാലത്ത് ഭൂമി കയ്യേറ്റം പതിവായിരുന്നു. എന്നാൽ യോഗി സർക്കാർ അവരുടെ പ്രവർത്തനങ്ങൾ നാമാവശേഷമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments