കീവ്: റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ പങ്കു ചേരാനായി ആയുധം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് നൽകുമെന്ന് യുക്രയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി.യുക്രെയ്ൻ ഒരു കാരണവശാലും സ്വാതന്ത്ര്യം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ചെയ്യുന്നതിനായി ആയുധം കൈവശമുള്ള ഏതൊരാൾക്കും രാജ്യത്തിന്റെ കരുതൽ സൈന്യത്തിന്റെ ഭാഗമാകാമെന്ന യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലസ്‌കി റെസ്‌കിനോവിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ആയുധങ്ങൾ വേണ്ടവർക്ക് അത് നൽകാമെന്ന് യുക്രയ്ൻ പ്രസിഡന്റ് വ്യക്തമാക്കിയത്.
രാജ്യത്തിനായി പോരാടുകയാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിരവധി യുക്രയ്ൻ സൈനികർക്കാണ് പരിക്കേറ്റിട്ടുള്ളത്. അവരെ സഹായിക്കാൻ രക്തം ദാനം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
യുദ്ധം കലുഷിതമായ സാഹചര്യത്തിൽ എല്ലാവരോടും വീട്ടിൽ തുടരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. യുക്രെയ്‌നികൾ ശക്തരാണെന്നും എന്തിനും തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. സൈനിക ആക്രമണത്തിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
Comments