ന്യൂഡൽഹി : യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച. നിലവിലെ പ്രശ്‌നങ്ങൾക്ക് റഷ്യയും, നാറ്റോയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യുക്രെയ്‌നിലെ നിലവിലെ സ്ഥിതിഗതികൾ പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ കാര്യത്തിലുള്ള ആശങ്ക പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി പങ്കുവെച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാർ, പ്രധാനമായും വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. റഷ്യൻ അധികൃതരും നയതന്ത്ര പ്രതിനിധികളും തത്സമയ വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്‌ക്കുമെന്ന് പുടിൻ ഉറപ്പ് നൽകി.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാത്രി 10 മണിയോടെയായിരുന്നു നരേന്ദ്ര മോദി പുടിനുമായി ഫോണിൽ ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം സൈനിക ആക്രമണത്തിൽ കലാശിച്ച സാഹചര്യത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു.
Comments