ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു.പ്രതിഭ എംഎൽഎ. സമൂഹമാദ്ധ്യമത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ യു.പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് ഇട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഇടയായതെന്നും ഇവർ പറയുന്നു. ഇനി സമൂഹമാദ്ധ്യമ വേദികളിൽ നിന്നുംതാൽക്കാലികമായി കുറച്ചു നാൾ വിട്ടുനിൽക്കുന്നുവെന്നും ഈ കുറിപ്പിൽ പറയുന്നുണ്ട്.
യു.പ്രതിഭയുടെ വിമർശനത്തിൽ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വിമർശനത്തിന്മേൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ യു.പ്രതിഭയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും നേതൃത്വം പറഞ്ഞിരുന്നു. എംഎൽഎ സംഘടനാ നടപടിക്രമങ്ങൾ ലംഘിച്ചെന്ന് ഏരിയാ കമ്മിറ്റി റിപ്പോർട്ടിലും പറയുന്നുണ്ട്. എംഎൽഎ ആയിരുന്ന് പാർട്ടിയെ പരസ്യമായി വിമർശിച്ചതിൽ നേതൃത്വവും കടുത്ത അതൃപ്തിയിലായിരുന്നു. കായംകുളത്ത് വോട്ട് ചോർന്നുവെന്നും അത് പാർട്ടി അന്വേഷിച്ചില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞ നേതാക്കൾ സർവ്വസമ്മതരായി തുടരുന്നുവെന്നുമായിരുന്നു എംഎൽഎയുടെ വിമർശനം. പാര്ട്ടി നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്.
യു.പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഇടയായത്..ജനപ്രതിനിധിയും
പൊതുപ്രവർത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാൻ.ഇന്നത്തെ ഞാനാക്കി എന്നെ വളർത്തിയത് ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളിൽ എന്നതുപോലെ ,കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിർത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തിൽ സൂക്ഷിച്ചു മാത്രമാണ് ഞാൻ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും.
ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിർവഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘർഷം നിറഞ്ഞ സന്ദർഭങ്ങളിൽ .കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും..പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും.അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ മേൽപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാൻ ഇടയായത് .
തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ്
മറ്റുള്ളവർക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിൽ എനിക്ക് വാക്കുകൾക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാവില്ല.എന്റെ വാക്കുകൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ
അവരിൽ ഓരോരുത്തരോടും ഞാൻ വ്യക്തിപരമായി ഹൃദയപൂർവ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സിൽ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം..എംഎൽഎ എന്ന നിലയിൽ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് ഞാൻ എന്നും നില കൊണ്ടിട്ടുള്ളത്.എന്റെ പാർട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവർത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ.
സമൂഹ മാധ്യമ വേദികളിൽ നിന്നുംതാൽക്കാലികമായി കുറച്ചു നാൾ വിട്ടുനിൽക്കുന്നു..
സമൂഹ മാധ്യമ വേദികളിൽ ഇന്നലെകളിൽ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന ആയിരക്കണക്കായ സ്നേഹ മനസ്സുകളോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമർശനങ്ങളുമായ് ആത്മാർത്ഥത കാട്ടി വരോടും എന്റെ കടപ്പാടും അറിയിക്കുന്നു.
Comments