അയോദ്ധ്യ: അയോദ്ധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയെ ലോകത്തിന് മുന്നിൽ ഒരു പ്രധാനകേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാരിനായി. മുൻപുണ്ടായിരുന്നവരെല്ലാം ഈ നഗരത്തെ അന്ധകാരത്തിലാക്കി വച്ചിരിക്കുകയായിരുന്നു. അവർക്ക് രാമജന്മഭൂമിയുടെയോ സൂര്യവൻശിയുടെയോ മഹത്വം അറിയില്ല. കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇപ്പോഴും അയോദ്ധ്യയിലേക്ക് വരാൻ മടിക്കുകയാണ്. കാരണം ഭഗവാൻ രാമന്റെ അസ്ഥിത്വത്തിൽ അവർ ഇപ്പോഴും സംശയിക്കുന്നുണ്ട്. രാമക്ഷേത്രത്തിനായി 500 വർഷത്തോളമായിട്ടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത് ബിജെപിയാണ്. അയോദ്ധ്യയിൽ എല്ലാ മേഖലയിലുമുള്ള വികസനമാണ് ഞങ്ങൾ ഉറപ്പു വരുത്തുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
മിൽക്കിപ്പൂർ, രുഡൗലി നിയോജകമണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചത്. അയോദ്ധ്യയാണ് ഞങ്ങളുടെ സ്വത്വമെന്നും അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ‘ രാമക്ഷേത്രം നിർമ്മിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല അയോദ്ധ്യ ഞങ്ങളുടെ അടയാളമായി മാറുന്നത്. ഈ നഗരത്തിൽ ധാരാളം വികസന പദ്ധതികളാണ് ഈ സർക്കാർ ആവിഷ്‌കരിച്ചത്. അന്താരാഷ്‌ട്ര വിമാനത്താവളവും മെഡിക്കൽ കോളേജുമെല്ലാം ഈ നഗരത്തിന്റെ മുഖച്ഛായ മാറ്റി. അയോദ്ധ്യയെ ഭഗവാൻ രാമന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് നമ്മളെല്ലാം കാണുന്നത്. മുൻപ് ഇല്ലാതിരുന്ന ഒരു കരുത്ത് ഇപ്പോൾ ഈ പ്രദേശത്തിന് ഉണ്ട്. ഇക്കുറി ബിജെപി ഉത്തർപ്രദേശിൽ 325 സീറ്റിൽ അധികം നേടും. വിശുദ്ധനഗരമായ അയോദ്ധ്യയിൽ ബിജെപിയുടെ താമരപ്പൂക്കൾ വിടരുന്നത് വഴിയേ അത് സാധിക്കുകയുള്ളു’.
‘ കോൺഗ്രസ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമോ? ബിഎസ്പി ചെയ്യുമോ? അഖിലേഷ് നിർമ്മിക്കുമോ? രാമഭക്തർക്ക് നേരെ വെടിയുതിർത്ത അവരെക്കൊണ്ട് ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ പറ്റുമോ? രാമക്ഷേത്രം പൂട്ടിയിട്ടവർക്ക് അതിന് കഴിയുമോ? ആരാണ് ഇപ്പോൾ ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നത്. ഇത് ബിജെപി സർക്കാരിനെ കൊണ്ട് മാത്രമേ സാധിക്കൂ. കോൺഗ്രസിന് അയോദ്ധ്യയിലെ പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കാരണം പിന്നെ അത് വച്ച് രാഷ്‌ട്രീയം കളിക്കാൻ അവരെക്കൊണ്ട് കഴിയില്ലെന്നും’ യോഗി ആദിത്യനാഥ് വിമർശിച്ചു.
















Comments