കീവ്: യുക്രെയ്ൻ-റഷ്യ ആക്രമണത്തിനിടെ യുദ്ധത്തെ കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ചലച്ചിത്ര നിർമ്മാതാവും നടനുമായ സീൻ പെൻ. ഡോക്യുമെന്ററി ചെയ്യാനായി അദ്ദേഹം യുക്രെയ്നിലെത്തി. ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്കുമായും മാദ്ധ്യമപ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. യുക്രെയ്നിൽ നടക്കുന്ന യഥാർത്ഥ സംഭവം പുറം ലോകത്തെ അറിയിക്കാനാണ് ഡോക്യുമെന്ററിയെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റാർക്കുമില്ലാത്ത ധൈര്യം സീൻ പെൻ പ്രകടിപ്പിക്കുന്നു. യുക്രെയ്നിലെ നിലവിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ശേഖരിക്കാനും അധിനിവേശത്തെ കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങൾ ലോകത്തെ അറിയിക്കാനുമാണ് അദ്ദേഹം കീവിലെത്തിയതെന്ന് പ്രസിഡന്റ് കുറിച്ചു.
രണ്ട് തവണ ഓസ്കാർ നേടിയിട്ടുള്ളതാരമാണ് സീൻ പെൻ. വർഷങ്ങളായി നിരവധി യുദ്ധവിരുദ്ധ ശ്രമങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ 2010ലെ ഹെയ്തിയിലെ ഭൂകമ്പത്തിന് ശേഷം ദുരന്ത നിവാരണ സംഘടനയും അദ്ദേഹം സ്ഥാപിച്ചു. സിറ്റിസൺ പെൻ എന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
Comments