ലക്നൗ : വിവാഹ ദിവസം ഭാവി വരന് തലയിൽ മുടിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. വരന്റെ മുടിയില്ലാത്ത തല കണ്ട യുവതി വിവാഹ മണ്ഡപത്തിൽ ബോധംകെട്ട് വീണു.
ഭർത്തന സ്വദേശിനിയാണ് വരന് തലയിൽ മുടിയില്ലാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറിയത്. വിവാഹ വേദിയിലേക്ക് പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ വരൻ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ യുവതി വരന്റെ തല പരിശോധിച്ചപ്പോഴാണ് മുടിയില്ലെന്ന് മനസ്സിലായത്. മുടിയില്ലാത്ത വിവരം മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാൻ വരൻ വിഗ്ഗ് ധരിച്ചിരുന്നു. എന്നാൽ കള്ളി വെളിച്ചത്തായതോടെ വരൻ വിഗ്ഗ് മാറ്റുകയായിരുന്നു. ഇത് കണ്ട യുവതി മണ്ഡപത്തിൽ ബോധരഹിതയായി വീണു.
ബോധം വന്നപ്പോൾ മുടിയില്ലാത്തയാളെ വേണ്ടെന്ന് വധു വീട്ടുകാരോട് പറയുകയായിരുന്നു. വരന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിൽ യുവതി ഉറച്ചുനിൽക്കുകയായിരുന്നു.
Comments