കീവ്: സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് വഴി യുക്രൈയ്‌നിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ഇലോൺ മസ്‌ക് ഉപഗ്രഹം വഴി നേരിട്ടുള്ള സേവനം ലഭ്യമാക്കിയത്.
യുക്രെയ്‌നിലെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വകുപ്പ് മന്ത്രി മിഖൈലോ ഫെദൊറോവ് ഇലോൺ മസ്‌കിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സഹായം അഭ്യർത്ഥിച്ച് എത്തിയത്. ഫെദെറോവിന്റെ ട്വീറ്റ് വന്ന് മിനിറ്റുകൾക്കുള്ളിൽ യുക്രെയ്‌നിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌കും പ്രതികരിച്ചു.
യുക്രെയ്‌ന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിലാണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത്. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ നടക്കുന്നതും. ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തി സാധാരണക്കാരെ ഭയപ്പെടുത്താനുള്ള റഷ്യയുടെ നീക്കമാണിതെന്നാണ് ഉയർന്ന വിമർശനം. പിന്നാലെയാണ് സഹായം അഭ്യർത്ഥിച്ച് ഫെദൊറോവ് ട്വീറ്റ് ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സൗകര്യം എത്തിയ്‌ക്കാൻ സ്‌പേസ് എക്‌സ് നിർമ്മിച്ച സാറ്റലൈറ്റാണ് സ്റ്റാർ ലിങ്ക്. ഭ്രമണപഥത്തിൽ സ്റ്റാർലിങ്കിന്റെ രണ്ടായിരം ചെറു സാറ്റലൈറ്റുകൾ ഉണ്ടെന്നാണ് വിവരം. സാറ്റലൈറ്റുകളുടെ എണ്ണം നാലായിരമാക്കാനാണ് ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിന് സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.
Comments