കീവ്: യുക്രെയ്നിലെ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്കോ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ഫെബ്രുവരി 24 മുതൽ രാജ്യത്ത് 16 കുട്ടികൾ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. 3,50,000 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാധ്യത നഷ്ടപ്പെട്ടതായുും യുക്രെയ്ൻ യുഎൻ രക്ഷസമിതി യോഗത്തിൽ അറിയിച്ചു.
പ്രത്യാക്രമണത്തിനിടെ 4,300ഓളം റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നും യുക്രെയ്ൻ വ്യക്തമാക്കി. കൂടാതെ 200 പേരെ യുദ്ധത്തടവിലാക്കിയിട്ടുണ്ട്. യുദ്ധത്തിൽ പങ്കെടുത്ത റഷ്യൻ പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ ഒരു ഹോട്ട്ലൈൻ സംവിധാനം യുക്രെയ്ൻ ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ റഷ്യൻ അമ്മമാരിൽ നിന്ന് നൂറിലധികം ഫോൺകോളുകളാണ് എത്തിയതെന്നും ഇക്കാര്യമൊന്നും സ്ഥിരീകരിക്കാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ലെന്നും യുഎൻ രക്ഷാസമിതിയിൽ യുക്രെയ്ൻ അറിയിച്ചു. യുക്രെയ്ൻ അംബാസിഡൻ സെർജി കിസ്ലിത്സയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം യുക്രെയ്നിലെ സാധാരണക്കാരെ ആക്രമിക്കാൻ റഷ്യൻ സൈന്യം ലക്ഷ്യമിട്ടില്ലെന്നും ജനവാസകേന്ദ്രങ്ങളിലേക്ക് ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നും യുഎൻ രക്ഷാസമിതിയിലെ റഷ്യൻ പ്രതിനിധി വ്യക്തമാക്കി. യുഎൻഎസ്സി നടത്തിയ അടിയന്തിര യോഗത്തിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
Comments