മോസ്‌കോ: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി റഷ്യ.യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ വലിയ രീതിയിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ എയര്‍ലൈനുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തി അടയ്‌ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പൗരന്മാരെ വിദേശരാജ്യങ്ങളില്‍ നിന്ന് എത്രയും വേഗം ഒഴിപ്പിക്കാനുള്ള നീക്കം റഷ്യന്‍ സര്‍ക്കാര്‍ തുടങ്ങിയത്.
റഷ്യന്‍ വിദേശകാര്യമന്ത്രാലയവുമായി ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയും ഫെഡറല്‍ ടൂറിസം ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് എത്തിക്കേണ്ട ആളുകളുടെ എണ്ണവും മറ്റ് കാര്യങ്ങളും കണക്കിലെടുത്ത ശേഷം വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ തീരുമാനിക്കുമെന്നും ഇവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി അവരെ റഷ്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി റഷ്യന്‍ എയര്‍ലൈനുകള്‍ തയ്യാറായിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലുള്ള റഷ്യക്കാര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ അസിസ്റ്റന്റ് സ്മാര്‍ട്‌ഫോണ്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടങ്ങളിലുള്ള തങ്ങളുടെ പൗരന്മാരെ തുര്‍ക്കി, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വിനോദ സഞ്ചാരികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ആരംഭിച്ചിട്ടുണ്ട്.
Comments