തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്ക് അവധി നൽകി ചെന്നൈയിൽ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോയത്. രാഹുൽ ഗാന്ധിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
അതേസമയം യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മൂന്ന് നിർണായക യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്തത്. ഇന്നലെ രാത്രി യോഗം ചേർന്നതിന് പിന്നാലെ ഇന്ന് രാവിലെയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ നിന്നുളള ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കാൻ നാല് മന്ത്രിമാരെ ചുമതലപ്പെടുത്താനുളള നിർണായക തീരുമാനമെടുത്തത്. അതിന് ശേഷമുളള മണിക്കൂറുകളിലെ പുരോഗതി വിലയിരുത്താനാണ് വൈകിട്ട് വീണ്ടും യോഗം ചേർന്നത്.
വിദേശകാര്യമന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂമുകളിലായി ഓരോ നിമിഷവും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളും ഓരോ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചയുടെ പുരോഗതിയും വിലയിരുത്തിയാണ് പ്രധാനമന്ത്രി അടിയന്തിര യോഗങ്ങൾ വിളിച്ചുചേർക്കുന്നത്.
സംസ്ഥാന സർക്കാരാണ് യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാനുളള പ്രവർത്തനം നടത്തുന്നതെന്ന തരത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണം വലിയ നാണക്കേടായി മാറിയിരുന്നു. ഒഴിപ്പിക്കൽ ദൗത്യത്തിന് രാജ്യം നൽകിയ ഓപ്പറേഷൻ ഗംഗ എന്ന പേര് പോലും പരാമർശിക്കാതെയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ സംസ്ഥാനത്തിന്റെതായി ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഇടുന്നത്.
കേന്ദ്രസർക്കാരിന്റെ പൂർണ ഉത്തരവാദിത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ സർക്കാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം നീക്കങ്ങൾ. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെയും കേരളത്തിന്റെ അനാസ്ഥയെക്കുറിച്ചുളള കമന്റുകൾ നിറയുകയാണ്.
Comments