ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം ഊർജ്ജിതം. രക്ഷാദൗത്യത്തിലെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ ഒൻപത് മണിയ്‌ക്ക് മുംബൈയിലെത്തും. അതേസമയം, ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള എട്ടാം വിമാനം ബുഡാപെസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. 216 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
കൂടാതെ, ഒൻപതാം വിമാനം ബുക്കാറസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചു. 218 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുള്ളത്. അഞ്ച് വിമാനങ്ങളിലായി ഏകദേശം ആയിരത്തിലധികം ഇന്ത്യക്കാരാണ് ഇന്ന് തിരികെ എത്തുന്നത്.
‘ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഒൻപതാം വിമാനം ബുക്കാറസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചു. 218 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുള്ളത്’ എസ്.ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ശക്തമായി തന്നെ തുടരുകയാണ്. യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം, ഫെബ്രുവരി 24 മുതൽ ഏകദേശം 400 വിദ്യാർത്ഥികളാണ് കീവിൽ നിന്നും ട്രെയിൻ മാർഗം പുറപ്പെട്ട് സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിയത്. ഇവർക്ക് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയ്‌ക്ക് സമീപമാണ് അഭയം നൽകിയതെന്നും എംബസി ട്വിറ്ററിൽ കുറിച്ചു. കൂടാതെ, കീവിലെ കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ ഇന്ന് ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ കീവിൽ നിന്നും എംബസിയിലേയ്‌ക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ട്രെയിനിൽ കയറ്റാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഇടപ്പെട്ടു. അംബാസഡർ പാർത്ഥസത്പതി യുക്രെയ്ൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് ഇവർക്ക് പ്രവേശനം ലഭിച്ചത്.
















Comments