ന്യൂഡൽഹി : നവീൻ ശേഖരപ്പയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബ്രിട്ടൺ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് ഇല്ലിസ് ആണ് അനുശോചനം അറിയിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഞെട്ടിക്കുന്ന വാർത്ത. വിദ്യാർത്ഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ്വേച്ഛാധിപത്യത്തിന്റെ കടന്നുകയറ്റ ശ്രമത്തിന്റെ പരിണിതഫലം.- അലക്സ് ഇല്ലി ട്വീറ്റ് ചെയ്തു. നവീനിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം നവീനിന്റെ മരണത്തിൽ കേന്ദ്രവ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ ദു:ഖം രേഖപ്പെടുത്തി. നവീൻ ശേഖരപ്പയുടെ മരണം അതീവ ദു:ഖം ഉളവാക്കുന്നുവെന്നും, കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നവീന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
യുക്രെയ്നിലെ ഷെല്ലാക്രമണത്തിൽ കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥി നവീൻ മരിച്ചെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നവീന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments