കൊച്ചി : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 38,160 ആയി. സ്വർണം ഗ്രാമിന് 4,770 രൂപയായും ഉയർന്നു.
അടുത്തിടെ ആദ്യമായാണ് സ്വർണത്തിന്റെ വില 38,000 കടക്കുന്നത്. 35,000 ത്തിൽ നിന്നിരുന്ന സ്വർണ വിലയിൽ ഫെബ്രുവരി മദ്ധ്യത്തോടെയാണ് മാറ്റം ഉണ്ടായിതുടങ്ങിയത്. നിലവിൽ യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണം ഓഹരി വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി ഒന്നിന് 36,088 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ ഫെബ്രുവരി പകുതിയോടെ ഇത് വർദ്ധിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണ വില വീണ്ടും ഉയരുമെന്നാണ് സൂചന.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നുണ്ട്. ഇതും വില ഉയരാനുള്ള പ്രധാനകാരണമാണ്. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന് പിന്നാലെ എണ്ണ വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായത്. നിലവിൽ ബാരലിന് 110 ഡോളറാണ് വില.
Comments