ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തും. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തര ഫോൺ സംഭാഷണം നടത്തുന്നത്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇന്ന് ചർച്ച നടക്കുന്നത്.
യുക്രെയ്‌നിലെ ഖാർകീവിൽ റഷ്യയുടെ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തി ഏവരും എത്രയും വേഗം ഖാർകീവ് വിടണമെന്ന് എംബസി ആവശ്യപ്പെട്ടിരുന്നു. കാൽനട യാത്രയായിട്ടെങ്കിലും ഖാർകീവിൽ നിന്നും പുറത്തുകടക്കണമെന്നാണ് എംബസിയുടെ ആവശ്യം. പ്രാദേശിക സമയം ആറ് മണിയ്‌ക്ക് മുൻപ് ഒഴിയാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യക്കാരെ രാത്രിയ്‌ക്ക് മുൻപ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യങ്ങളായിരിക്കും മോദി-പുടിൻ സംഭാഷണത്തിൽ പ്രധാന ചർച്ചയാകുക എന്നാണ് സൂചന.
അതേസമയം, ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്ക് മാറിയതായി വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങളാണ് യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരുമായി തിരികെ എത്തുന്നത്. ഇതിൽ ചിലത് യാത്ര തിരിച്ചതായും വിദേശകാര്യവക്താവ് അറിയിച്ചു.
Comments