ബംഗളൂരു: മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചതായി ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു.
മാർച്ച് ആറിന് താനും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങൾക്ക് ചെക്ക് കൈമാറുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം ഓൺലൈൻ ക്യാമ്പെയ്‌നിലൂടെ ഹർഷയുടെ കുടുംബത്തിനായി ഇതിനകം 60 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഫെബ്രുവരി 20ന് രാത്രിയാണ് ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തുന്നത്.
ഹിജാബ് വിഷയത്തിൽ ഹർഷ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിയോജിപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ആരോപണമുണ്ട്. ഇതുവരെ മൂന്ന് പേരാണ് ഹർഷയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ച് പേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. ഏകദേശം 12ഓളം പേർ കസ്റ്റഡിയിലാണെന്നാണ് സൂചന.
















Comments