മോസ്കോ: യുക്രെയ്നില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്കോ സമയം പത്ത് മണിക്കാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. അതായത് ഇന്ത്യന്‍ സമയം 12.50ഓട് കൂടി ഇത് നടപ്പായി തുടങ്ങുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം യുക്രെയ്നില്‍ കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കും. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ തീരുമാനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയം റഷ്യന്‍ പ്രസിഡന്റ് പുടിനുമായും സംസാരിച്ചിരുന്നു. താത്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യയും ഉന്നയിച്ചത്.
റഷ്യയുമായി അനുകൂല നിലപാട് പ്രഖ്യാപിച്ച പല രാജ്യങ്ങളും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈനയും യുഎഇയുമാണ് റഷ്യയോട് സമാന ആവശ്യം ഉന്നയിച്ച മറ്റ് രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചെലുത്തിയ സമ്മര്‍ദ്ദ ഫലമായാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സുരക്ഷിത ഇടനാഴി ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് രണ്ട് പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി സംസാരിച്ചത്.
മരിയുപോളിലും വോള്വനോഹയിലുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തലുണ്ടാവുക. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാലുടന്‍ മാനുഷിക ഇടനാഴിക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കും. അതിന് തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. ഇതോടെ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിവേഗം പുറത്തേക്ക് വരാന്‍ സാധിക്കും. ഓപ്പറേഷന് ഗംഗ അതിവേഗത്തിലാക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയില്‍ 130ഓളം വാഹനങ്ങളാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇനി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാതെ റഷ്യ വഴി തന്നെ അവരെ ഇന്ത്യയില്‍ എത്തിക്കാനും സാധിക്കും.
Comments