തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്ന് പോലീസ്. ഗായത്രിയെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപ്പെടുത്തിയതെന്ന പ്രതി പ്രവീണിന്റെ മൊഴി പോലീസ് തള്ളി. വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടതിലുള്ള ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് പ്രവീൺ പറഞ്ഞു. പ്രവീണുമായി പോലീസ് ഇന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശിയായ ഗായത്രിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാട്ടാക്കടയിൽ നിന്നും ഗായത്രിയെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് പ്രവീൺ ആണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി പ്രവീൺ കൊല്ലത്തേക്ക് പോയി. പ്രവീൺ കുറ്റസമ്മതം നടത്തിയതായും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
തിരുവനന്തപുരത്തെ ഒരെ ജ്വല്ലറിയിൽ ജോലി നോക്കവെയാണ് പ്രവീണും ഗായത്രിയും അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഗായത്രി ജോലി ഉപേക്ഷിച്ചു. എന്നാൽ അതിന് ശേഷവും ഇരുവരും ബന്ധം തുടർന്നു. ഭാര്യയുടെ ആവശ്യപ്രകാരം പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ബന്ധത്തിൽ നിന്നും പിന്മാറാൻ പ്രവീൺ ആലോചിച്ചിരുന്നെങ്കിലും ഗായത്രി അതിന് തയ്യാറായില്ല. ഇതോടെ മുൻകൂട്ടി തീരുമാനിച്ച പ്രകാരം തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും വിവാഹം കഴിച്ചതായും വിവരമുണ്ട്. ഇത് തെളിയിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചു.
Comments