ചണ്ഡീഗഡ് : അതിർത്തി കടന്ന് എത്തിയ പാക് ഡ്രോൺ വെടിവെച്ച് ഇട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. തകർന്നു വീണ ഡ്രോണിൽ നിന്നും നിരോധിത വസ്തുക്കളും ബിഎസ്എഫ് കണ്ടെടുത്തു.
ഇന്ന് രാവിലെയോടെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പാകിസ്താൻ ഭാഗത്ത് നിന്നും എന്തോ ഒരു വസ്തു പറന്ന് വരുന്നതായി ബിഎസ്എഫ് കണ്ടു. തുടർന്ന് വിശദമായി നിരീക്ഷിച്ചപ്പോഴാണ് ഡ്രോൺ ആണെന്ന് വ്യക്തമായത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. വെടികൊണ്ട ഡ്രോൺ തകർന്നു വീണു.
അഞ്ച് പാക്കറ്റ് നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
അതേസമയം കഴിഞ്ഞ ദിവസവും അതിർത്തി കടന്ന് പാക് ഡ്രോൺ രാജ്യത്ത് എത്തിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ തിരികെ പോകുകയായിരുന്നു.
Comments