തിരുവനന്തപുരം: തലസ്ഥാനത്ത് ടെക്സ്റ്റൈൽ ഷോപ്പുകളിൽ വൻ കവർച്ച. തിരുവനന്തപുരത്ത് രണ്ട് കടകളിൽ നിന്നായി രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് പരാതി. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമാണ് കടകൾ സ്ഥിതിചെയ്യുന്നത്.
കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ച് അകത്ത് കടന്നാണ് മോഷണം. ആദ്യ കടയിൽ അർദ്ധരാത്രി ഒന്നരയോടെ കയറി കവർച്ച നടത്തി. പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങൾ അടങ്ങിയ കെട്ടും മോഷ്ടിച്ച വസ്ത്രങ്ങളും ടെറസിൽ ഉപേക്ഷിച്ചു. ശേഷം രണ്ടാമത്തെ കടയിൽ കയറി. ടെറസിലെ ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് രണ്ടാമത്തെ കടയുടെ അകത്ത് കയറിയത്. ഇവിടെ നിന്നും പണം മോഷ്ടിച്ചു. പോലീസ് പട്രോളിംഗ് ശക്തമായ പ്രദേശത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് വിവരം.
മോഷ്ടാവ് സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകൾ തകർത്ത് മോഷണം നടത്തുന്ന സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫോർട്ട് പോലീസിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസ് അന്വേഷണം തുടങ്ങി.
Comments