ന്യൂഡൽഹി: റഷ്യ ശക്തമായ ആക്രമണം നടത്തുന്ന സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ന് പോൾട്ടാവയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോൾട്ടാവയിലേക്കുള്ള ബസുകളിൽ യാത്ര തിരിച്ചതായി വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
15 ബസുകളിലായാണ് ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന സംഘം സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് തിരിച്ചത്. ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകിയിട്ടുണ്ട്. റെഡ്‌ക്രോസിന്റേയും ഇന്ത്യൻ എംബസിയുടേയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥി സംഘം പോൾട്ടാവയിലേക്ക് തിരിച്ചിരിക്കുന്നത്. ഇനി സുമിയിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതും നിലവിലുള്ള സംഘർഷം നേരിടാനുള്ള സാമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
സുമിയിൽ അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിലും യാത്രയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഫോൺ സംഭാഷണത്തിനിടെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നാണ് പുടിൻ പ്രധാനമന്ത്രിയ്‌ക്ക് വാക്ക് നൽകിയത്.
















Comments