പനാജി: എക്‌സിറ്റ് പോളുകൾ ഗോവയിൽ കടുത്ത മത്സരം പ്രവചിച്ചതിന് പിന്നാലെ, തങ്ങളുടെ സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. വടക്കൻ ഗോവയിലെ ഒരു റിസോർട്ടിലേക്ക് മുഴുവൻ സ്ഥാനാർത്ഥികളെയും ഒരുമിച്ചു മാറ്റാനാണ് പാർട്ടി പദ്ധതിയിടുന്നത്.
എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളെയും ബുധനാഴ്ച നോർത്ത് ഗോവയിലെ റിസോർട്ടിൽ ഒരുമിച്ചു പാർപ്പിക്കുകയും, അവിടെ നിന്ന് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഒരുമിച്ചു തന്നെ കൊണ്ട് പോകാനുമാണ് കോൺഗ്രസ്സ് പദ്ധതിയിടുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഫലം വന്നതിന് ശേഷം എല്ലാ സ്ഥാനാർത്ഥികളും പാർട്ടി ഓഫീസിൽ എത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർത്ഥികളെക്കൊണ്ട് കോൺഗ്രസ്സ് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ കോൺഗ്രസിൽ നിന്നും, നിരവധി നിയമസഭാംഗങ്ങൾ ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറ് മാറിയിരുന്നു. അന്ന് കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) എന്നിവരുമായി തന്ത്രപരമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു.
അതിനിടെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 22-ലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വരുമെന്ന് പ്രമോദ് സാവന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















Comments