കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഇടപ്പള്ളിയിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്.
ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയിൽ തീപിടുത്തം ഉണ്ടായത് ആദ്യം ശ്രദ്ധിക്കുന്നത്. പുറത്തേക്ക് പുക വമിച്ചതോടെ ജീവനക്കാർ വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി. പുലർച്ചെ അഞ്ച് ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. മറ്റ് ഇടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കി.
കടയ്ക്കുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും തയ്യൽ മെഷീനുകളും പൂർണമായും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായി കാരണം പറയാൻ സാധിക്കൂ എന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
Comments