കൊച്ചി: സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടി ഉർവശി. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ‘അമ്മ’ സംഘടിപ്പിച്ച ‘ആർജവ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി. മോഹൻലാൽ അടക്കമുള്ളവർ, എല്ലാ സ്ത്രീകളും ഷൂട്ടിംഗ് സ്ഥലത്ത് നിന്നും പോയ ശേഷം മാത്രമാണ് സെറ്റിൽ നിന്ന് മടങ്ങിയിരുന്നതെന്ന് ഉർവശി പറഞ്ഞു.
‘ എല്ലാ കാലഘട്ടത്തിലും കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അത് ഇന്ന് മാത്രമല്ല. പക്ഷേ, അന്നത്തേ പ്രത്യേകത എന്ന് പറയുന്നത്, ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ. ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ, രണ്ടോ വണ്ടിയുണ്ടാകും. സഹപ്രവർത്തകരിൽ തന്നെ സംരഭിക്കാനുള്ള ഒരു മനസ്സും സാന്നിധ്യവുമൊക്കെ അന്ന് ഉണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഉണ്ട്. ഇന്ന് സമൂഹമാദ്ധ്യമങ്ങൾ വളർന്നത് കൊണ്ട് കാര്യങ്ങൾ വേഗത്തിൽ പുറത്ത് വരുന്നു’ ഉർവശി പറഞ്ഞു.
‘ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് മറന്നുകൊണ്ട്, ചില വ്യക്തികൾ ഉണ്ടാക്കിയിട്ടുള്ള വിഷമതകൾ മുന്നിൽവെച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളി പറയാനാവില്ല. കുറച്ചെങ്കിലും മാനസികമായി അകൽച്ച കാണിക്കുന്നവരുണ്ടെങ്കിൽ അവരെ കൂടി നമ്മുടെ കൂടെ ചേർക്കാൻ ശ്രമിക്കണം. എല്ലാ കാലത്തും നമ്മൾ ഒന്നാണ്. ആരും നമ്മളിൽ നിന്ന് പുറത്തല്ല’ ഉർവശി കൂട്ടിച്ചേർത്തു.
മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ആർജവ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കൊപ്പം നിൽക്കാൻ താരസംഘടനയ്‌ക്ക് കഴിയേണ്ടതുണ്ടെന്ന് ശൈലജ പറഞ്ഞു.
Comments