കീവ്: യുക്രെയ്‌നിൽ റഷ്യൻ അധനിവേശം പതിനാലാം ദിവസം പിന്നിടുമ്പോൾ പുതിയ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി. എല്ലാം ഞങ്ങളുടെ കൈയ്യിലാണ്. ഞങ്ങൾ ഞങ്ങളുടെ നിശ്ചയദാർഢ്യത്താൽ ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെറുത്തു നിൽക്കുകയും ചെയ്യുന്നു.യുക്രെയ്‌നിയൻ ജനത തങ്ങളുടെ ഭൂമിയെ സംരക്ഷിച്ച വീരത്വത്തെക്കുറിച്ച് ആളുകൾ അറിയാത്ത ഒരു ഭാഗവും ലോകത്തിലില്ല. ഞങ്ങളെ പിന്തുണച്ചില്ലെങ്കിലും അവർക്കറിയാം, ഞങ്ങൾ എന്താണ് നേടിയതെന്ന്. രാജ്യത്തെ സംരക്ഷിച്ചാൽ മറ്റെന്തും നേടാം.നമ്മൾ ഐക്യം നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
റഷ്യ ജനവാസ കേന്ദ്രങ്ങളിലടക്കം സർവ്വനാശം വിതയ്‌ക്കുന്നതിനെതിരെ സെലൻസ്‌കി ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെ വീടുകളും സർക്കാർ സ്ഥാപനങ്ങളും ആക്രമണങ്ങളിൽ തകർന്നടിഞ്ഞതായി അദ്ദേഹം ആരോപിച്ചു.
എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ആയുധങ്ങളുമായി തെരുവിലേക്കിറങ്ങിയെന്നും ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലും തങ്ങളെ സഹായിക്കാൻ ആരും ഇല്ലെന്ന് സെലൻസ്‌കി പരാതിപ്പെട്ടിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ 474 സാധാരണക്കാർ കൊല്ലപ്പെടുകയും 861 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഐക്യരാഷ്‌ട്ര സഭയുടെ കണക്കനുസരിച്ച് ഇതുവരെയായി രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്.പോളണ്ട്,ഹംഗറി,മോൾഡോവ,റൊമാനിയ ബെലറൂസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം പേരും പലായനം ചെയ്തത്.
















Comments