കൊച്ചി:മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുള്ള പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹർജി. വർഷം എൺപത് കോടി രൂപയിലേറെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തുന്നു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുടുംബ പെൻഷനടക്കം നൽകുന്നത് നിയമവിരുദ്ധമെന്നും ഹർജിയിൽ പറയുന്നു. പാലക്കാട് സ്വദേശി ദിനേശ് മേനോൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സംസ്ഥാനത്ത് പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.രണ്ട് വർഷത്തിന് മേൽ സർവീസ് ഉള്ളവർക്ക് മിനിമം പെൻഷൻ 3550 രൂപയാണ്. സർവീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വർഷത്തിന് മേൽ സർവീസ് ഉള്ള പേഴ്‌സണൽ സ്റ്റാഫുകൾ വരെ സംസ്ഥാനത്തുണ്ട്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു.മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്നായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
















Comments