മലപ്പുറം: ഏഴ് വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിൽ നിന്നാണ് പിടികൂടിയത്. ബിഹാർ മുസാഫിർപൂർ സ്വദേശി മുഹമ്മദ് സാദിഖ് റയിനാണ്(49) കേസിൽ അറസ്റ്റിലായത്. പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ഏഴ് വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
ബിഹാർ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെൺകുട്ടികളുമായി കേരളത്തിൽ എത്തിയിരുന്നു. തുടർന്ന് മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ആദ്യ ഭാര്യയിലുണ്ടായ ഇരട്ട പെൺകുട്ടികളിൽ ഒരാളെ പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എന്നാൽ പിതാവിനെതിരെ മൊഴി നൽകാൻ പെൺകുട്ടി തയ്യാറായില്ല. മറ്റ് പലരുമാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ട് വീണ്ടും അന്വേഷണം ശക്തമാക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
പെൺകുട്ടിയുടെ രണ്ടാനമ്മ നൽകിയ വിവരങ്ങളാണ് നിർണായകമായത്. തുടർന്ന് പോലീസ് ചോദ്യം ചെയ്തതോടെ പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി സമ്മതിച്ചു. പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സത്യം പറയാതിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പീഡനം എതിർക്കാതിരിക്കാൻ പെൺകുട്ടിയുടെ തുടയിൽ കത്തി കൊണ്ട് കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നതായും കണ്ടെത്തി. മുറിവിൽ അമർത്തി വേദനിപ്പിച്ചുകൊണ്ടായിരുന്നു നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
എന്നാൽ ഇതിനിടെ പ്രതി ബിഹാറിലേക്ക് മുങ്ങിയതിനാൽ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി മൂന്നാമതും വിവാഹിതനായെന്ന വിവരം പോലീസിന് ലഭിച്ചു. മൂന്നാം ഭാര്യയുടെ സഹോദരന്റെ സ്ഥാപനത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലായിരുന്നു ജോലി സ്ഥാപനം. തുടർന്ന് രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















Comments