ഗോവയിൽ പ്രമോദ് സാവന്ത് രാജി സമർപ്പിച്ചു; മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കും

Published by
Janam Web Desk

പനാജി : നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നൽകി. ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ രാജ് ഭവനിൽ സന്ദർശിച്ചാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. ഇതോടെ ഗോവയിൽ ബിജെപിയുടെ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്.

ഗവർണർ ഗോവ മുഖ്യമന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചു. തുടർന്ന് പുതിയ സർക്കാർ രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ അദ്ദേഹത്തോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ അഭ്യർത്ഥിച്ചു.

മന്ത്രി സഭാ രൂപീകരണം അടക്കമുളള വിഷയങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് പ്രമോദ് സാവന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനായി കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക് നിരീക്ഷകരെ അയയ്‌ക്കും. നിരീക്ഷകരുടെ നിലപാട് അനുസരിച്ചും നേതാവിന് ലഭിക്കുന്ന പിന്തുണ പരിഗണിച്ചുമായിരിക്കും അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.

നിലവിൽ പ്രമോദ് സാവന്തിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 2017 ലാണ് കോൺഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബിജെപിയിൽ എത്തിയത്. അതേസമയം ഭൂരിഭാഗം പേരും സാവന്തിനാണ് പിന്തുണ നൽകുന്നത്.

Share
Leave a Comment