തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ ചിന്തയിൽ വന്ന ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ. ചിന്തയിൽ വന്നത് വായനക്കാരന്റെ അഭിപ്രായമാണ്. ഇത് എഡിറ്റോറിയൽ ലേഖനമോ നേതാക്കൾ എഴുതിയ ലേഖനമോ അല്ല. പാർട്ടിയ്‌ക്ക് പറയാനുള്ളത് എവിടെയായാലും പറയും അതിന് ആരുടേയും ചീട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചിന്തയിൽ വന്ന ലേഖനത്തിന് സിപിഐയുടെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറയുമെന്ന് കാനം പറഞ്ഞിരുന്നു. നവയുഗത്തിൽ അവർ എഴുതട്ടെ, അത് അവരുടെ അവകാശമാണ്. നവയുഗത്തിൽ മുൻപും പല ലേഖനങ്ങളും വന്നിട്ടുണ്ട്. സിപിഐയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. വായനക്കാരന്റെ അഭിപ്രായം വിവാദമാക്കാനാണ് സിപിഐയുടെ തീരുമാനമെങ്കിൽ വിവാദം ഉണ്ടാക്കട്ടെയെന്നും കോടിയേരി വിശദീകരിച്ചു.
സിപിഐ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണെന്നായിരുന്നു ചിന്തയിലെ വിമർശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചരും വർഗവഞ്ചകരെന്ന വിശേഷണം അന്വർത്ഥമാക്കുന്നവരുമാണ് സിപിഐയെന്നും സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതിന് നവയുഗത്തിലൂടെ മറുപടി നൽകുമെന്നാണ് കാനം പറഞ്ഞത്. കാനത്തിന്റെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
സിപിഐ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടുകൾ ഉൾപ്പെടെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ചിന്തയിലെ ലേഖനം. അവസരം ലഭിച്ചപ്പോഴെല്ലാം ബൂർഷ്വാ പാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐ മടി കാണിച്ചില്ലെന്നാണ് ലേഖനത്തിൽ പറയുന്നത്. 1967ലെ ഇഎംഎസ് സർക്കാരിൽ പങ്കാളികളായ സിപിഐ വർഗവഞ്ചകർ എന്ന ആക്ഷേപത്തെ അന്വർത്ഥമാക്കിക്കൊണ്ട് വീണു കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഇഎംഎസ് സർക്കാരിനെ പുറത്താക്കാൻ ഇടപെടൽ നടത്തിയെന്നും വിമർശനം ഉണ്ടായിരുന്നു.
















Comments