മലപ്പുറം : പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രാഹുലിനാണ് മർദ്ദനം ഏറ്റത്. ഇതേ തുടർന്ന് രാഹുൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സീനിയർ വിദ്യാർത്ഥികളോട് ബഹുമാനം ഇല്ലെന്ന് പറഞ്ഞായിരുന്നു റാഗിംഗ്. ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന രാഹുലിനെ സീനിയർ വിദ്യാർത്ഥികൾ ബലമായി കൂട്ടിക്കൊണ്ട് പോയി അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖത്ത് ബൂട്ടിട്ട് ചവിട്ടി. ഇതോടെയാണ് കണ്ണിന് പരിക്കേറ്റത്.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സീനിയർ വിദ്യാർത്ഥികൾ കൂട്ടിക്കൊണ്ട് പോയതെന്ന് രാഹുൽ പറഞ്ഞു. സ്റ്റാന്റിൽ ആരുമില്ലാത്ത ഭാഗത്തേക്ക് കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. സീനിയേഴ്‌സിനെ ബഹുമാനമില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഷോ ഓഫ് നടത്തുകയാണെന്നും അവർ പറഞ്ഞു. കോളേജിൽ നിന്നും നോട്ട് ചെയ്തുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴാണ് അവസരം കിട്ടിയതെന്നും അവർ പറഞ്ഞതായി രാഹുൽ വ്യക്തമാക്കി.
അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു. വിദ്യാർത്ഥികളെ മാനേജ്‌മെന്റ് കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Comments