കീവ്: റഷ്യ- യുക്രെയ്ൻ നാലാംവട്ട സമാധാന ചർച്ച നിർത്തിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് ചർച്ച നിർത്തിവെച്ചതെന്ന് യുക്രെയ്‌ന് വേണ്ടി ചർച്ചയിൽ പങ്കെടുക്കുന്ന സെലൻസ്‌കിയുടെ ഉപദേശകൻ മിഖെയ്‌ലോ പൊഡോൾയാക് പറഞ്ഞു.
വെർച്വൽ രീതിയിലാണ് ചർച്ച നടന്നത്. ഉപാധികളിൽ വ്യക്തത വരുത്താനും ഇതിനുളള ആലോചനകൾക്കും വേണ്ടിയാണ് ചർച്ചകൾ നിർത്തിവെച്ചതെന്ന് സൂചനയുണ്ട്. 19 ദിവസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന ആഗോളതലത്തിൽ ആവശ്യം ഉയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നാലാം വട്ട ചർച്ചകൾക്കായി ഒരുമിച്ചത്.
കഴിഞ്ഞ ചർച്ചകളിൽ യുദ്ധമേഖലയിൽ നിന്ന് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മാനുഷീക ഇടനാഴി ഉൾപ്പെടെയുളള ആവശ്യങ്ങൾ നേടിയെടുക്കാൻ യുക്രെയ്‌ന് കഴിഞ്ഞിരുന്നു. എന്നാൽ മാനുഷീക ഇടനാഴിയിലൂടെ ആളുകളെ ഒഴിപ്പിക്കുമ്പോൾ പോലും റഷ്യ ആക്രമണം തുടരുകയാണെന്നും യുക്രെയ്ൻ ആരോപിച്ചിരുന്നു. അടിയന്തരമായി സൈന്യത്തെ പിൻവലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുമുളള ആവശ്യങ്ങളാണ് യുക്രെയ്ൻ പ്രതിനിധി സംഘം മുന്നോട്ടുവെച്ചത്.
ഇതുവരെ യുക്രെയ്‌നിൽ നിന്നും 2.8 മില്യൻ ജനങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായിട്ടാണ് യുഎൻ അഭയാർത്ഥി വിഭാഗത്തിന്റെ കണക്കുകൾ. ഇതിൽ ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിൽ നിന്നുളളവരാണ്.
















Comments