ന്യൂഡൽഹി : ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് വിദ്യാർത്ഥിനി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഹോളി അവധിക്ക് ശേഷമേ കേസ് പരിഗണിക്കൂ എന്ന് സുപ്രീം കോടതി അറിയിച്ചു.
മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്‌ഗെയാണ് വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായത്. കുട്ടികളുടെ പരീക്ഷ അടുത്തിരിക്കുകയാണെന്നും ഹൈക്കോടതി ഉത്തരവ് നിരവധി പെൺകുട്ടികളെ ബാധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
നമുക്ക് എല്ലാം നോക്കാമെന്നും ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും പറഞ്ഞ് കോടതി മാറ്റിവെക്കുകയായിരുന്നു. നിബ നാസ് എന്ന മുസ്ലീം വിദ്യാർത്ഥിനിയാണ് കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തത്. ഉഡുപ്പി കോളേജിലെ ആയിഷ ഷിഫാത്ത് എന്ന പെൺകുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് കഴിഞ്ഞ ദിവസം വിലക്ക് ശരിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
















Comments