കാബൂൾ : അധികാരത്തിലേറിയതിന് പിന്നാലെ മാദ്ധ്യമ സ്ഥാപനങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച് താലിബാൻ. ക്രൂരതകളെ തുടർന്ന് ഇതുവരെ 150 ലധികം മാദ്ധ്യമ സ്ഥാപനങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര സംഘടനകളായ റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്‌സും, അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേഷനും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
താലിബാൻ അധികാരത്തിലേറുന്നതിന് മുൻപ് രാജ്യത്ത് ആകെ 475 മാദ്ധ്യമ സ്ഥാപനങ്ങൾ ആണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇതിന് ശേഷം ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ എണ്ണം കുറഞ്ഞ് 290 ആയി. ഇതുവരെ 180 മാദ്ധ്യമ സ്ഥാപനങ്ങൾ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്. അതായത് 43 ശതമാനം മാദ്ധ്യമ സ്ഥാപനങ്ങളുടെ കുറവ് ആണ് രാജ്യത്ത് ഉണ്ടായത്. ഇത് 60 ശതമാനം മാദ്ധ്യ പ്രവർത്തകരെ തൊഴിൽ രഹിതരാക്കി.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുണ്ടായ പ്രധാന കാരണമെന്നാണ് നാഷണൽ ഹൗസ് ഓഫ് ജേർണലിസ്റ്റ് അദ്ധ്യക്ഷൻ സയ്യെദ് യസീൻ മറ്റീൻ പറഞ്ഞു. ഇതിന് പുറമേ ജീവനിൽ ഭയന്ന് മികച്ച മാദ്ധ്യമപ്രവർത്തകർ രാജ്യം വിട്ടതും തിരിച്ചടിയായി. വിദേശത്തു നിന്നുള്ള പിന്തുണ നഷ്ടമായതും മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം റിപ്പോർട്ടിനെ താലിബാൻ പൂർണമായും തള്ളി.
Comments