തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു തെരഞ്ഞെടുപ്പിൽ ബലിയാടാക്കപ്പെട്ടതാണെന്നും കാണിച്ച് സുധാകരൻ എഐസിസി നേതൃത്വത്തിന് കത്തയച്ചു. സമീപകാല തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ ഹൈക്കമാൻഡിന് കത്തയച്ചതിന് പിന്നാലെയാണ് സുധാകരന്റെ നീക്കം.
പല സാഹചര്യങ്ങളാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാമെന്നും അത്തരക്കാരെ രാജ്യസഭാ സീറ്റിൽ അയോഗ്യരായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് എ.ഐ.സി.സി്ക്ക് അയച്ച കത്തിൽ സുധാകരന്റെ വാദം. ഗ്രൂപ്പ് വഴക്കാണ് പലരുടേയും തോൽവിക്ക് കാരണമെന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണ് സുധാകരന്റെ കത്ത്.
രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ ലിജുവിന് ന്യായമായ പരിഗണന ലഭിക്കണമെന്നുമാണ് കത്തിലൂടെ സുധാകരൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലിജുവിനെതിരെ കെ.സി വേണുഗോപാൽ വിഭാഗവും രംഗത്തെത്തിയിരുന്നു. സുധാകരൻ തുടക്കം മുതൽ ലിജുവിന് വേണ്ടി പിടിമുറുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ലിജുവിനെയും കൂട്ടി സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇടതുപക്ഷ സ്ഥാനാർത്ഥികൾ പത്രിക നൽകിയിട്ടും കോൺഗ്രസിന് സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ സാധിക്കാത്തത് അണികൾക്കിടയിലും ചർച്ചയാകുകയാണ്. പാർട്ടിയിൽ ഗ്രൂപ്പ് പോര് അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച് ചുമതലയേറ്റ കെപിസിസി നേതൃത്വത്തിന്റെ പുതിയ നിലപാടുകളിലും പ്രവർത്തകർ അമർഷം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
Comments