ഇടുക്കി: ഏലയ്‌ക്ക എത്തിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ ഒരാൾ പിടിയിൽ. വണ്ടൻമേട് സ്വദേശി വിജയകുമാറാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പനയിലെ ഒരു വ്യാപാരിയിൽ നിന്നും 25.5 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2021 ഒക്ടോബർ, നവംബർ മാസങ്ങളിലായിട്ടാണ് കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ ഏലയ്‌ക്ക എത്തിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ പണം തട്ടിയത്. 23 ലക്ഷം രൂപ അക്കൗണ്ടിലും, 3.5 ലക്ഷം രൂപ നേരിട്ടുമാണ് ഇയാൾ കൈപ്പറ്റിയത്. എന്നാൽ സമയം കഴിഞ്ഞിട്ടും ഏലയ്‌ക്ക ലഭിക്കാതെ വന്നപ്പോൾ വ്യാപാരി വിജയകുമാറിനെ ബന്ധപ്പെട്ടു. എന്നാൽ ഫലമുണ്ടായില്ല.
തുടർന്ന് കട്ടപ്പന പോലീസിൽ വ്യാപാരി പരാതി നൽകുകയായിരുന്നു. പതാരിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ടൗണിൽ നിന്നും തട്ടിപ്പ് വീരൻ പിടിയിലായത്. പ്രതി ഇത്തരത്തിൽ നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇതിന് പുറമെ, ബാലഗ്രാം സർവീസ് സഹകരണ ബാങ്കിൽ നിന്നും 49 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ട്. ഈ പരാതിയിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തി വരികയാണ്.
Comments