ന്യൂഡൽഹി : പഞ്ചാബിലെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസ് തോൽക്കാൻ കാരണം രാഹുലും പ്രിയങ്കയുമാണോ എന്ന ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് സോണിയ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തത്. 60 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞതെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിൽ കോൺഗ്രസിന് ഇത്തവണ വൻ തോൽവിയാണ് നേരിടേണ്ടി വന്നത്. 77 സീറ്റിൽ നിന്നും കോൺഗ്രസ് 18 സീറ്റിലേക്ക് പതിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രചാരണ പരിപാടികളാണ് കോൺഗ്രസ് പഞ്ചാബിൽ നടത്തിയിരുന്നത്. പരിപാടികൾ സംഘടിപ്പിക്കാൻ രാഹുലും പ്രിയങ്കയും സംസ്ഥാനങ്ങളിൽ ഓടി നടക്കുകയും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ദർശനം നടത്തുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ അവസാനത്തെ പ്രതീക്ഷ കൂടിയായിരുന്നു പഞ്ചാബ്.
എന്നാൽ സംസ്ഥാനത്ത് ആം ആദ്മി അട്ടമറി വിജയം നേടിയതോടെ കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടു. ഇത്രയും പരിശ്രമിച്ചിട്ടും പഞ്ചാബിൽ കോൺഗ്രസിന് ഭരണം നിലനിർത്താൻ സാധിച്ചില്ല എന്ന വിമർശനങ്ങളാണ് പാർട്ടി പ്രവർത്തകരിൽ നിന്നും ലഭിച്ചത്.
യോഗത്തിൽ പഞ്ചാബിലെ തോൽവിയെപ്പറ്റി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കളാണ് ചോദ്യം ഉന്നയിച്ചത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ ആരാണ് തീരുമാനിച്ചത് എന്നും നവജ്യോത് സിംഗ് സിദ്ധുവിനെ ആരാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ആക്കിയത് എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു. അമരീന്ദർ സിംഗിന്റെ കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പിനെ നന്നായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഞ്ചാബിൽ പാർട്ടിക്കുള്ളിലുണ്ടായ തമ്മിലടിയെപ്പറ്റി ചോദ്യം ഉയർന്നത്. ഇതിനെല്ലാം മുന്നിൽ നിന്നത് രാഹുൽ ഗാന്ധിയായിരുന്നു.
എന്നാൽ എല്ലാത്തിന്റെയും ഉത്തരവാദിത്വം സോണിയ ഏറ്റെടുത്തു. താനാണ് പഞ്ചാബിലെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് എന്നും അതിനാൽ താൻ എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും സോണിയ പറഞ്ഞു.
Comments