ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ; 280 മില്യൺ ഡോളർ നിക്ഷേപം നടത്തും

Published by
Janam Web Desk

ന്യൂഡൽഹി : ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി ഓസ്‌ട്രേലിയ. ഇരു രാജ്യങ്ങളിലെയും വ്യവസായം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി 280 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയ-ഇന്ത്യ സ്ട്രാറ്റജിക് റിസർച്ച് ഫണ്ട് വിപുലീകരിക്കാൻ ഓസ്‌ട്രേലിയ 17.2 മില്യൺ ഡോളർ അനുവദിച്ചു. ഓസ്‌ട്രേലിയ-ഇന്ത്യ ഇന്നോവേഷൻ ആന്റ് ടെക്‌നോളജി സ്ഥാപിക്കാനാണ് തീരുമാനം.

2020 ൽ ഓസ്ട്രലിയയുടെ ഏഴാമത്തെ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ചരക്ക് കയറ്റുമതി വിപണിയിൽ മൂന്നാം സ്ഥാനത്തായിരുന്നു രാജ്യം. 2035 ആവുമ്പോഴേക്കും ഇത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി 16.6 ദശലക്ഷം യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. വ്യവസായത്തെ പിന്തുണയ്‌ക്കുന്നതിനായി 8.9 മില്യൺ യുഎസ് ഡോളറും നൽകും.

ഓസ്‌ട്രേലിയ സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പ് പ്രകാരം, ഗ്രീൻ സ്റ്റീൽ പാർട്ണർഷിപ്പ്, ക്രിട്ടിക്കൽ മിനറൽസ് റിസേർച്ച് പാർട്ണർഷിപ്പ്, ഇന്റർനാഷണൽ എനർജി ഏജൻസി എന്നിവയ്‌ക്കായി 35.7 മില്യൺ യുഎസ് ഡോളർ അനുവദിക്കും. ഇന്ത്യയുമായി ബഹിരാകാശ ബന്ധം സ്ഥാപക്കുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ ഇന്റർനാഷണൽ സ്‌പേസ് ഇൻവെസ്റ്റ്‌മെന്റ് സംരംഭം വിപുലീകരിക്കാൻ 25.2 മില്യൺ ഡോളർ അനുവദിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യക്കാരുമായി ചർച്ചകളും സംവാദങ്ങളും നടത്താനുള്ള കേന്ദ്രം ആരംഭിക്കുന്നതിനായി 28.1 ദശലക്ഷം യുഎസ് ഡോളർ അനുവദിക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.

Share
Leave a Comment