ഭോപ്പാൽ : കശ്മീരി പണ്ഡിറ്റുകളുടെ യാതനകളുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസിനെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. ഉദ്യോഗസ്ഥന് നോട്ടീസ് നൽകും. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥൻ നിയാസ് ഖാൻ ആയിരുന്നു സിനിമയ്ക്കെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. സിനിമ കണ്ടതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രതികരണങ്ങൾ. ദി കശ്മീർ ഫയൽസിന് സമാനമായ രീതിയിൽ മുസ്ലീംങ്ങളുടെ നരഹത്യയുടെ കഥ പറയുന്ന സിനിമ നിർമ്മിക്കണം എന്നായിരുന്നു ഒരു പ്രതികരണം. സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനം മൊത്തം കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും, കശ്മീരി പണ്ഡിറ്റുകൾക്ക് വീട് നിർമ്മിക്കാനുമായി സിനിമ സംവിധായകൻ പ്രയോജനപ്പെടുത്തണമെന്നും നിയാസ് ഖാൻ വെല്ലുവിളിച്ചിരുന്നു.
നിയാസ് ഖാന്റെ ട്വീറ്റുകൾ വ്യാപകമായി പ്രചരിച്ചതോടെ ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments